വിഷം ചേർക്കാത്ത മീനാണ് തങ്ങളുടെ കടയിലുള്ളതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അത്താഴം മുട്ടുമെന്ന അവസ്ഥയിലാണ് മത്സ്യവ്യാപാരികള്‍

കൊച്ചി:വ്യാപകമായി മായംകണ്ടെത്തുന്ന പശ്ചാത്തലത്തിൽ മീനുകളുടെ ഗുണമേൻമ ഉറപ്പ് വരുത്താൻ കച്ചവടക്കാർ തന്നെ രംഗത്ത്. കൊച്ചി ഇടപ്പള്ളിയിലെ മത്സ്യവില്‍പന കേന്ദ്രത്തിലാണ് വാങ്ങാനെത്തുന്നവർക്കുതന്നെ മീൻ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കിയത്.

സംസ്ഥാനത്തൊട്ടാകെ ഫോർമലിൻ കലർത്തിയ മീൻ വ്യാപകമായി പിടികൂടിയതോടെ മത്സ്യവിപണിക്കേറ്റത് കനത്ത തിരിച്ചടിയാണ്. വിഷം ചേർക്കാത്ത മീനാണ് തങ്ങളുടെ കടയിലുള്ളതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അത്താഴം മുട്ടുമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. 

കച്ചവടം തിരിച്ചുപിടിക്കാന്‍ സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയുടെ വിഷം കണ്ടെത്തുന്നതിനായുള്ള കിറ്റുപയോഗിച്ച് പരിശോധനയ്ക്ക് സൗകര്യമൊരുക്കുകയാണ് കൊച്ചി ഇടപ്പള്ളിയിലെ ഹാർബർടൗൺ എന്ന മല്‍സ്യവില്‍പന കേന്ദ്രം. കടയുടമകളുടെ ആവശ്യപ്രകാരം അധികൃതർ തന്നെയാണ് കിറ്റ് എത്തിച്ചു നല്‍കിയത്.

പരിശോധനസംവിധാനത്തെ ജനങ്ങൾക്കൊപ്പം കച്ചവടക്കാരും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്നാണ് ഇവരുടെ അഭിപ്രായം. മെച്ചപ്പെട്ട വിപണനസംസ്കാരത്തിന് ഇത് തുടക്കമിടുമെന്നാണ് പ്രതീക്ഷ വ്യാപാരികളുടേയും ഉപഭോക്താകളുടേയും പ്രതീക്ഷ. അതേസമയം വ്യവസായിക അടിസ്ഥാനത്തിൽ പരിശോധന കിറ്റ് അടുത്ത മാസം തന്നെ വിപണിയിലെത്തിക്കാനാണ് സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ നീക്കം.