കൊച്ചി മെട്രോയുടെ അന്തിമ സുരക്ഷാപരിശോധന തുടങ്ങി. മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ കെ.എ മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധന വിജയമായാല്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും.
കൊച്ചി മെട്രോ യാത്രക്കാരുമായി എന്ന് ട്രാക്കിലാകുമെന്ന് അറിയാനുള്ള നിര്‍ണായക പരിശോധന. മെട്രോ റെയില്‍ സുരക്ഷ കമ്മീഷണര്‍ കെ.എ മനോഹരന്‍ രാവിലെ ആലുവയില്‍ നിന്ന് പരിശോധന ആരംഭിക്കും. ആദ്യദിനം മുട്ടംവരെയുള്ള സ്റ്റേഷനുകളിലുമാണ് പരിശോധന. വെള്ളിയാഴ്ചക്ക് മുമ്പ് പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളും ട്രാക്കുകളും പരിശോധിക്കും. സിഗ്നല്‍ സംവിധാനം, സുരക്ഷ ക്രമീകരണങ്ങള്‍, സാങ്കേതിക സംവിധാനം എന്നിവ കമ്മീഷണര്‍ വിലയിരുത്തും. ഇതില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അത് പരിഹരിച്ച ശേഷം മെട്രോ സര്‍വീസ് ആരംഭിക്കാം.
പരിശോധനയ്‌ക്കായി ആദ്യഘട്ടത്തിലെ പതിനൊന്ന് സ്റ്റേഷനുകളും ഒരുങ്ങിക്കഴിഞ്ഞു. ഇതില്‍ ചങ്ങമ്പുഴ പാര്‍ക്ക്, ഒന്‍പത് സ്റ്റേഷനുകളിലെല്ലാം നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പരിശോധന വിജയമായാല്‍ ഒരാഴ്ചക്കുള്ളില്‍ സര്‍വീസിനുള്ള അന്തിമ അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ഈ മാസം അവസാനത്തോടെ മെട്രോ സര്‍വീസ് ആരംഭിക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാനാണ് മെട്രോ അധികൃതരുടെ ശ്രമം.
