പ്രത്യേക കോടതി സ്ഥിതി ചെയ്യുന്ന ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിന് ചുറ്റും ആറ് കമ്പനി പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ജോധ്പുര്‍: ഉത്തരേന്ത്യയില്‍ ലക്ഷക്കണക്കിന് അണികളുള്ള വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിച്ച കേസില്‍ ജോധ്പുര്‍ കോടതി ബുധനാഴ്ച്ച വിധി പറയും. പ്രതികൂല വിധി പുറത്തു വന്നാല്‍ ബാപ്പുവിന്റെ അണികള്‍ സംഘര്‍ഷമുണ്ടാക്കിയേക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുജറാത്ത്,രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ആഗസ്റ്റില്‍ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ ശിക്ഷാവിധി വന്നതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കലാപത്തില്‍ 38 പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോടാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ രാജസ്ഥാന്‍ പോലീസ് 378 പേരെ ഇതിനോടകം കരുതല്‍ തടവിലാക്കിയിട്ടുണ്ട്. ജോധ്പുര്‍ നഗരത്തില്‍ ഏപ്രില്‍ 21 മുതല്‍ 28 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

വിധി പ്രസ്താവിക്കുന്ന പ്രത്യേക കോടതി സ്ഥിതി ചെയ്യുന്ന ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിന് ചുറ്റും ആറ് കമ്പനി പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്ന പക്ഷം പിടികൂടുന്നവരെ പാര്‍പ്പിക്കുന്നതിനായി രണ്ട് സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റിയിരിക്കുകയാണ്. ആവശ്യമെങ്കില്‍ സംസ്ഥാനത്തേക്ക് പോലീസുകാരെ അയക്കുമെന്ന് ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് അഞ്ച് വര്‍ഷം മുന്‍പാണ് ആശാറാം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.