തിരുവനന്തപുരം: ഫിബ്രുവരി അഞ്ചിനകം ബിനോയ് കോടിയേരി തങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ലെങ്കില്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുമെന്ന അന്ത്യശാസനവുമായി ദുബായ് കമ്പനി.
ബിനോയ് കോടിയേരിക്ക് 13 കോടി രൂപ നല്‍കിയെന്ന് പറയുന്ന കമ്പനിയാണ് അന്ത്യശാസനവുമായി രംഗത്തു വന്നിരിക്കുന്നത്. കമ്പനി ഉടമ മര്‍സൂഖി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്ന മധ്യസ്ഥരെ കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫിബ്രുവരി അഞ്ചിനകം എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കണം. അല്ലെങ്കില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടുമെന്നും ഇപ്പോള്‍ മറച്ചു വച്ച പലകാര്യങ്ങളും മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നുമാണ് കമ്പനിയുടെ നിലപാട്.
ബിനോയിയുടെ പേരില്‍ കേസോ യാത്രാവിലക്കോ ഇല്ലെന്ന് രേഖകള്‍ വച്ചു വാദിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ത്ത സിപിഎമ്മിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നതാണ് മര്‍സൂഖിയുടെ പുതിയ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും മര്‍സൂഖി ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ മര്‍സൂഖിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സമയം ചോദിച്ചിട്ടുണ്ട്.
