വളാഞ്ചേരി നഗരസഭാ ചെയർപേഴ്സണ്‍ എം. ഷാഹിന രാജിവച്ചു. രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. ഭരണകാര്യത്തിൽ പാർട്ടി സഹകരിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ഷാഹിന കഴിഞ്ഞ ദിവസം രാജിക്ക് ഒരുങ്ങിയത്. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഇവര്‍ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
വളാഞ്ചേരി: മുസ്ലിം ലീഗുമായുളള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മലപ്പുറം വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന രാജിവച്ചു. നഗരസഭാ സെക്രട്ടറിക്ക് രാജികത്ത് കൈമാറി. ഷാഹിന പാർട്ടിക്ക് നൽകിയ രാജികത്ത് സ്വീകരിച്ചതായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു.
നഗരസഭ ഭരണത്തിന് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എം.ഷാഹിനയുടെ രാജി. കഴിഞ്ഞ ദിവസം രാജികത്ത് പാർട്ടി നേതൃത്വത്തിന് കൈമാറി. തുടർന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാഹിനയുമായി ചർച്ച നടത്തി. ഉടൻ രാജി വെക്കരുതെന്ന് നേതൃത്വം അഭ്യർത്ഥിച്ചുവെന്ന് ചർച്ചക്ക് ശേഷം ഷാഹിന മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ലീഗ് നേതൃത്വം ഇതിനെ പരസ്യമായി തള്ളി.
വൈകിട്ട് നാല് മണിയോടെ നഗരസഭസെക്രട്ടറിക്ക് ഷാഹിന രാജികത്ത് കൈമാറി. നഗര സഭ കൗൺസലർ സ്ഥാനത്തും ഇനി തുടരില്ല. പ്രാദേശിക നേതൃത്വത്തിന്‍റെ സമ്മർദം മൂലമാവാം ജില്ല നേതൃത്വം നിലപാട് മാറ്റിയതെന്ന് ഷാഹിന പറഞ്ഞു.
രാജി കാര്യം ഷാഹിന മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് പാർട്ടിക്ക് ക്ഷീണമായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഉടൻ രാജിവെക്കണമെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തത്. ലീഗിലെ ഭിന്നത നഗരസഭയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.
