ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കൈതപ്പൊയിലിൽ ധനകാര്യ സ്ഥാപന ഉടമയെ തീ കൊളുത്തി കൊന്ന പ്രതിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വള്ളികുന്നം സ്വദേശി സുമേഷ് കുമാറിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഗുരുതരമായി പൊള്ളലേറ്റ കുപ്പായക്കോട് സ്വദേശി ഷാജു കുരുവിള പുലർച്ചെയാണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൈതപ്പൊയിൽ കവലയിലെ ധനകാര്യ സ്ഥാപന ഉടമ കുരുവിളയെ പ്രതി സുമേഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മുളക് പൊടി എറിഞ്ഞ ശേഷമാണ് തീകൊളുത്തിയത്.
തൃശൂർ സ്വദേശിയെന്ന് പറഞ്ഞാണ് പ്രതി കുരുവിളയുടെ സ്ഥാപനത്തിലെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി കുരുവിള ഇയാളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയരുന്നു. സുമേഷ് തന്നെയാണ് തീകൊളുത്തിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുരുവിള പൊലീസിനോട് പറഞ്ഞു. ഏറെ നാളായി കൈതപ്പൊയിലിൽ വാടകയ്ക്ക് താമസിക്കുന്നയായിരുന്നു സുമേഷ്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി താമരശ്ശേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
