ദില്ലി: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന അപേക്ഷ രാഹുല്‍ പിന്‍വലിച്ചു. മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ ഈ പരാമര്‍ശത്തിനെതിരെ സംഘത്തിന്റെ പ്രാദേശിക നേതാവ് രാകേഷ് കുന്റെ ആണ് മജിസ്‍ട്രേറ്റ് കോടതിയെ സമീപിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ച കീഴ്ക്കോടതി നടപടി റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് മെയ് 2015ലാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ആര്‍എസ്എസിനെ രാഹുല്‍ ആക്ഷേപിച്ചില്ലെന്നും ആര്‍എസ്എസിലെ ചിലര്‍ മഹാത്മാ ഗാന്ധിയെ വധിച്ചെന്നാണ് പറഞ്ഞതെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും നിലപാട് മാറ്റിയത്. ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞതില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നു എന്ന് കപില്‍ സിബല്‍ വ്യക്തമാക്കി. ഗോഡ്സെയുടെ സഹോദരന്‍ തന്നെ ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വ്യക്തമാക്കിയിരുന്നു. ഗാന്ധിയുടെ കൊച്ചു മകന്‍ തുഷാര്‍ഗാന്ധിയും ഇത് പറഞ്ഞിരുന്നു.

വിചാരണ നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ സിബല്‍ രാഹുലിന്റെ അപേക്ഷ പിന്‍വലിച്ചു.എന്നാല്‍ വിചാരണകോടതയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് രാഹുലിന് ഇളവു നല്‍കണമെന്ന് സിബല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ആര്‍എസ്എസിനെതിരെയുള്ള കേസ് നേരിടും എന്നത് രാഹുലിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് കോണ്‍ഗ്രസ് വിശഗദീകരിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍എസ്എസിനെതിരെയുള്ള കേസ് ഒഴിവാക്കാന്‍ രാഹുല്‍ വിട്ടുവീഴ്ചയ്‌ക്കു തയ്യാറായെന്ന പ്രചരണം തിരിച്ചടിയായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തന്ത്രം മാറ്റിയത്. നാഷണല്‍ ഹെറാള്‍ഡ് പോലെ ഈ കേസിലും ഇനി വിചാരണ കോടതി നടപടികള്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചേക്കാം.