ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമാക്കി സൈനിക ജീപ്പിനു മുന്നില്‍ വച്ചുകെട്ടിയ സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് സൈന്യത്തിനെതിരെ എഫ്ഐആര്‍ തയ്യാറാക്കി. ഇക്കഴിഞ്ഞ ഒന്‍പതിന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സൈന്യത്തിനു നേരെ യുവാക്കള്‍ കല്ലേറ് നടത്തിയിരുന്നു. ആക്രമണം നേരിടുന്നതിന് വേണ്ടിയാണ് സൈന്യം യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവച്ച്  റോന്ത് ചുറ്റിയത്. 

ഫാറൂഖ് ദര്‍ എന്നയാളോടായിരുന്നു സൈന്യത്തിന്റെ ഈ ക്രൂരത. സംഭവത്തിന്റെ ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സൈന്യവും അന്വേഷണം ആരംഭിച്ചിരുന്നു. മധ്യ കശ്മീരിലെ ബുദ്ഗാമിലെ ഖാഗ് സ്വദേശിയാണ് ഫാറൂഖ് ദര്‍. 53 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് ഇവിടെ സുരക്ഷാ ചുമതലയിലുള്ളത്. 

ബീര്‍വയിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി പോയ സൈനിക വാഹനത്തിന്‍റെ ബോണറ്റിലാണ് ഫാറൂഖിനെ പിടിച്ച് കെട്ടിവച്ചത്. ഫാറൂഖുമായി 12 ഓളം ഗ്രാമങ്ങളില്‍ സൈന്യം റോന്ത് ചുറ്റിയെന്നാണ് ആരോപണം. എന്നാല്‍ വെറും നൂറു മീറ്റര്‍ മാത്രമാണ് ഫാറൂഖുമായി സഞ്ചരിച്ചതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.