റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥയിലുള്ള സ്കെെലെെറ്റ് ഹോസ്പിറ്റാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. മേവത് സ്വദേശിയായ സുരേന്ദ്ര ശര്‍മയുടെ പരാതിയിലാണ് ഇപ്പോള്‍ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്

ഗുരുഗ്രാം: ഗുരുഗ്രാം ഭൂമി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്കും കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഢയ്ക്കുമെതിരെയുള്ള പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലെ ഖെര്‍കി ഡൗല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥയിലുള്ള സ്കെെലെെറ്റ് ഹോസ്പിറ്റാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടന്നത്. മേവത് സ്വദേശിയായ സുരേന്ദ്ര ശര്‍മയുടെ പരാതിയിലാണ് ഇപ്പോള്‍ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന (ഐപിസി സെക്ഷന്‍ 120 ബി), വഞ്ചന (സെക്ഷന്‍ 420), വ്യാജ രേഖ ചമയ്ക്കല്‍ (467, 468, 471). അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് എഫ്ഐആര്‍.

നേരത്തെ, ഹരിയാനയിലെ വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തതായി ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

സ്കെെലെെറ്റ് കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നതായും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ടായിരുന്നു. 2008ല്‍ നടന്ന ഇടപാടില്‍ ഒരു രൂപ പോലും ചെലവാക്കാതെ 50 കോടി രൂപ വാദ്ര തട്ടിയെടുത്തന്നും കണ്ടെത്തിയിരുന്നു.