ലക്നൌ: ബിഎസ്പി നേതാവ് മായാവതിക്കെതിരെ ലക്നൌ പൊലീസ് കേസെടുത്തു. ബിജെപി നേതാവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. മായവതിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ ബിജെപി നേതാവ് ദയാശങ്കർസിംഗിന്റെ ഭാര്യയാണ് ലക്നൗ പൊലീസിനെ സമീപിച്ചത്. തന്നെയെയും 12 വയസുള്ള മകളെയും ബിഎസ്പി പ്രവർത്തകർ ഫോണിലൂടെയും നേരിട്ടും മോശമായ ഭാഷ ഉപയോഗിച്ച് അപമാനിക്കുകയാണെന്ന് ആരോപിച്ച് ദയാശങ്കറിന്റെ ഭാര്യ നൽകിയ പരാതിയിലാണ് കേസ്.
തന്നെ അഭിസാരികയെന്ന് വിളിച്ച ദയാശങ്കറിന്റെ വാക്കുകൾ ഭാര്യ അപലപിക്കാത്താണ് പ്രവർത്തകരെ പ്രകോപിതരാക്കിയതെന്ന് മായാവതി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിങ്ങ് മായവതിയെ ലൈംഗികതൊഴിലാളിയോട് ഉപമിച്ചത്. തുടര്‍ന്ന് ദയാസിങ്ങിനെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ബിജെപി നീക്കം ചെയ്തിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നും ആറ് വര്‍ഷത്തേക്ക് നീക്കുകയും ചെയ്തു.
ദയാശങ്കർ സിങ്ങിനെതിരെ വിവാദ പ്രസ്താവനകളുമായി കഴിഞ്ഞ ദിവസം ബിഎസ്‍പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ദയാശങക്ര്‍ സിങ്ങ് അവിഹിത സന്താനമെന്നായിരുന്നു ബിസ്പി എംഎൽഎ ഉഷാ ചൗധരി പറഞ്ഞത്. ദയാശങ്കറിന്റെ ഡി എൻ എക്ക് ചില തകരാറുണ്ടെന്നു അദ്ദേഹം ഒരു അവിഹിത സന്താനമെന്നാണ് താൻ വിചാരിക്കുന്നതായും അദ്ദേഹത്തിന്റെ കടുംബവും അങ്ങനെ തന്നെയാണെന്നും ഉഷ ചൗധരി പറഞ്ഞു.
ചണ്ഡിഗഢിലെ ബിഎസ്‍പി നേതാവ് ജന്നത്ത് ജഹാന്‍, സിങ്ങിന്‍റെ നാവരിയുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതിന്‍റെ പിന്നാലെയാണ് ഉഷാ ചൗധരിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതിയെ അപഹസിച്ച ദയാശങ്കര്‍ സിങ്ങിന്‍റെ നാവു പിഴുതെടുത്താല്‍ 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു ജന്നത്തിന്‍റെ പ്രസ്താവന.
സിങ്ങിനെതിരെയുള്ള പ്രതിഷേധം ഉത്തര്‍പ്രദേശിൽ പലയിടങ്ങളിലും അക്രമാസക്തമായിരുന്നു.
