അഭിമന്യുവിനെ കൊന്നത് 15 അംഗ സംഘമെന്ന് എഫ്ഐആര്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊന്നത് 15 അംഗ സംഘമെന്ന് എഫ്ഐആര്‍. അതില്‍ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവറെന്നും എഫ്ഐആറില്‍ പറയുന്നു. കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാളെന്ന് പൊലീസ് കണ്ടെത്തി. ആക്രമി സംഘം രണ്ട് തവണ ക്യാമ്പസ്‌ പരിസരത്ത് എത്തിയിരുന്നു എന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിലെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

15 പ്രതികളിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പൊലീസ് നീക്കം തുടങ്ങി. ഡിജിപി ഹൈക്കോടതിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. 

കൊല നടന്ന രാത്രി മഹാരാജാസ് കോളെജിലെത്തിയത് പതിനഞ്ചംഗ അക്രമി സംഘമെന്നാണ് എഫ്ഐആര്‍ പറയുന്നത്. കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദിനൊപ്പമാണ് ഇവരെത്തിയത്. സംഘം രണ്ട് തവണ ക്യാംപസിലെത്തി. ആദ്യം ഒമ്പതരയോടെയും രണ്ടാമതെത്തിയത് പതിനൊന്നരയ്ക്കും. രണ്ടാമത്തെ വരവിലാണ് അഭിമന്യുവിനുനേരെയും അര്‍ജുന്‍ കൃഷ്ണയ്ക്ക് നേരെയും കത്തിവീശുന്നതും കുത്തുന്നതെന്നും എഫ്ഐആര്‍ പറയുന്നു.

കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം ഇന്ന് വ്യക്തമാക്കുന്നത്. വൈകാതെ വലയിലാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. റിമാന്‍റിലായ ബിലാല്‍, ഫറോഖ്, റിയാസ് എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അതിനിടെ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടെന്ന് കുടുംബം ആരോപിച്ചു.