തിരുവനന്തപുരം: ശ്രീകാര്യത്തെ രാജേഷ് കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ - ആര്‍ എസ് എസ് സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പൊലീസ് എഫ് ഐ ആര്‍. എഫ് ഐ ആറിന്റെ കോപ്പി ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പതിനൊന്ന് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഇതില്‍ ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സിബി ഉള്‍പ്പടെ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പിടിയിലായ പ്രതികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെ കാരണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ രാഷ്‌ട്രീയകൊലപാതകമാണെന്ന് വ്യക്തമാക്കുന്ന എഫ് ഐ ആര്‍ പുറത്തുവന്നത് ഏറെ ചര്‍ച്ചയാകുകയാണ്.