ആന്ധ്രാപ്രദേശിലെ ദുവാഡയിലെ സ്വകാര്യ കമ്പനിയുടെ ബയോ ഡീസല്‍ പ്ലാന്‍റില്‍ വന്‍ തീപ്പിടുത്തം. രാജ്യത്തെ വലിയ ബയോഡീസല്‍ പ്ലാന്‍റുകളിലൊന്നായ ബയോ മാക്‌സ് കമ്പനിയുടെ പതിനൊന്ന് സംഭരണ ടാങ്കറുകള്‍ക്കാണ് കഴിഞ്ഞദിവസം രാത്രി തീപിടിച്ചത്. നാവികസേനയുടെയും അഗ്നിശമന സേനയുടെ ആഭിമുഖ്യത്തില്‍ തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ മണിക്കൂറുകളായി തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല.

അഞ്ച് ലക്ഷം ടണ്‍ ഉത്പാദന ശേഷിയുള്ള ബയോ ഡീസല്‍ പ്ലാന്‍റിലെ സംഭരണ ടാങ്കറുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ തീപ്പിടിച്ചത്. ഒരു സംഭരണ ടാങ്കില്‍ നിന്ന് മറ്റ് ടാങ്കറുകളിലേയ്‌ക്ക് തുടര്‍ച്ചയായി തീ പടരുകയായിരുന്നു.പതിനഞ്ചില്‍ പതിനൊന്ന് ടാങ്കറുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. നാവിക സേനയുടെ ഡോര്‍ണിയര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് രാവിലെ നടത്തിയ പരിശോധനയിലും എട്ട് ടാങ്കറുകളില്‍ തീയാളിക്കത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് നാവികസേനയുടെയും അഗ്നിശമന സേനയയുടെയും കൂടുതല്‍ യൂണിറ്റുകളെത്തി തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു .സംഭവം നടന്ന് പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. എഴുപത് ശതമാനം തീ അണയ്‌ക്കാനായിട്ടുണ്ടെന്നാണ് ഓദ്യോഗിക സ്ഥീരികരണം

ഇപ്പോഴും സംഭരണ ടാങ്കറുകള്‍ക്കടുത്തെത്തി പരിശോധന സാധ്യമല്ലാത്തതിനാല്‍ തീ പിടുത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല. ടാങ്കറുകള്‍ക്കടുത്ത് ജീവനക്കാര്‍ ഇല്ലാത്തതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കരുതല്‍ നടപടിയായി ദുവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കടുത്ത് താമസിക്കുന്നവരെയെല്ലാവരെയും രാത്രി തന്നെ മാറ്റി പാര്‍പ്പിച്ചിരുന്നു.