ബുര്‍ജ് ഖലീഫയ്‌ക്കടുത്ത് വീണ്ടും തീപിടുത്തം. ഡൗണ്‍ടൗണില്‍ ഫൗണ്ടന്‍ വ്യൂസ് ടവറില്‍ നിര്‍മാണ ജോലിക്കിടയിലാണ് തീപിടുത്തമുണ്ടായത്. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുര്‍ജ് ഖലീഫയ്‌ക്കും ദുബായിമാളിനും അടുത്തുള്ള ഫൗണ്ടന്‍ വ്യൂസ് ടവറില്‍ നിര്‍മാണ ജോലിക്കിടെ രാവിലെ 5.35നാണ് തീ ഉയര്‍ന്നത്. അഞ്ചാം നിലയിലെ പാര്‍ക്കിങ് ലോട്ടില്‍ നിന്നാരംഭിച്ച തീ ഏഴാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. നിര്‍മാണ സാമഗ്രികളില്‍ നിന്നാണ് തീ പടര്‍ന്നത്. കെട്ടിടത്തില്‍ കുടുങ്ങിയ നാല് തൊഴിലാളികളെ ആംബുലന്‍സില്‍ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി. പതിനാറാം നിലയില്‍ കുടുങ്ങിയ തൊഴിലാളിക്ക് പുക മൂലം ശ്വാസ തടസം നേരിട്ടിരുന്നു. ഇയാളെയാണ് ആദ്യം താഴെ ഇറക്കി പ്രഥമശുശ്രൂഷ നല്‍കിയതെന്ന് ദുബൈ പൊലീസ് രക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അഹ്മദ് ബുര്‍ഖിബാ വ്യക്തമാക്കി. എട്ടു മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. തീപിടുത്തത്തെ തുടര്‍ന്ന് എംബിആര്‍ ബുലെവാര്‍ഡില്‍ നിന്ന് സിനിമാ ക്രോസ് റോഡിലേക്കുള്ള വഴികള്‍ അടച്ചിടുകയും ഗതാഗതം ഫ്ലൈ ഓവറിലൂടെ തിരിച്ചുവിടുകയും ചെയ്തു. ബുര്‍ജ് ഖലീഫയിലേക്കുള്ള ഇന്‍റര്‍ ചേഞ്ചും അടച്ചിട്ടു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്‌ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
