ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു. തീ നിയന്ത്രിക്കാനും പ്രദേശവാസികളുടെ സംരക്ഷണം ഉറപ്പാക്കാനുമായി ദേശീയ ദുരന്ത നിവാരണ സേനയേയും വ്യോമസേനയേയും മേഖലയില്‍ വിന്യസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി വിശകലനം ചെയ്‍തു.
ഉത്തരഖണ്ഡില്‍ തുടരുന്ന കാട്ടുതീയില്‍ ഇതുവരെ ഒരു കുട്ടിയും മൂന്ന് സ്‌ത്രീകളുമുള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. കുമയൂണ്‍, പൗരി ഗര്‍വാള്‍ മേഖലകളിലായി മൂവായിരത്തിലധികം വനമാണ് കത്തിനശിച്ചത്. ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലേക്കും രാജാജി കടുവ സംരക്ഷിത സങ്കേതത്തിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. കാട്ടുതീ കണ്ടാല്‍ ഉടന്‍ ജില്ലാ മജിസ്‍ട്രേറ്റിനെ വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണര്‍ കെ.കെ പോള്‍ ആവശ്യപ്പെട്ടതനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് കമ്പനി സംസ്ഥാനത്തെത്തി. സംസ്ഥാനത്തെ ആറായിരത്തോളം അഗ്നിശമന സേനാംഗങ്ങളേയും പൊലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും കാട്ടുതീ പടരുന്ന മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററും തീയണക്കുന്നതിന് ശ്രമിക്കുന്നുണ്ട്. ശക്തമായ ചൂട് കാരണം അഗ്നിശമനസേനാംഗങ്ങള്‍ക്ക് കാട്ടുതീക്കടുത്തേക്ക് നീങ്ങാന്‍ കഴിയുന്നില്ലെന്ന് നൈനിറ്റാളിലെ വനം വകുപ്പ് ഓഫീസര്‍ തേജസ്വിനി പാട്ടീല്‍ പറഞ്ഞു. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി..സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയ പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ സഹായവും ഉറപ്പ് നല്‍കി.
