കോഴിക്കോട് മില്‍മ ആസ്ഥാനത്ത് വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഒരു കോടിയോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ഏഴ് മണിയോടെയാണ് പെരിങ്ങളത്തെ മില്‍മ ആസ്ഥാനത്ത് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടര്‍ റൂമിലാണ് ആദ്യം തീ കണ്ടത്. മില്‍മയുടെ വിറ്റുവരവ് കണക്കുകള്‍ സൂക്ഷിക്കുന്ന അഞ്ച് സെര്‍വറുകള്‍, പന്ത്രണ്ട് അനുബന്ധ കമ്പ്യൂട്ടറുകള്‍, ഇപിബിഎക്‌സ് യന്ത്രം,രണ്ട് എസികള്‍ ,പ്രിന്‍ററുകള്‍, മേശകള്‍ ,കസേരകള്‍ എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. കാന്‍റീനും ഓഫീസ് മുറികളുമുള്ള കെട്ടിടത്തിന്‍റെ
ഒന്നാംനിലയിലുള്ള മുറിയിലാണ് തീപിടുത്തം ഉണ്ടായത്. വെള്ളിമാടുകുന്നില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകളാണ് തീകെടുത്തിയത്. ഒരു മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്. വെള്ളം ഉപയോഗിച്ചാല്‍ സെര്‍വറിലെ ശേഖരം നശിക്കുമെന്നതിനാല്‍ സിലിക്കണൈസിഡ് സോഡിയം ബൈക്കാര്‍ബണൈറ്റ് ഉള്‍പ്പെട്ട ഡ്രൈ പൗഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്.മുറിയില്‍ പുകനിറഞ്ഞതിനാല്‍
ഓക്‌സിജന്‍ ബ്രീത്ത് അപ്പാരറ്റസും ഉപയോഗിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തിന് കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ഫോഴസ്. ഒരു കോടിയോളം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി മില്‍മ അധികൃതര്‍ വ്യക്തമാക്കി.