കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ചു. സ്കൂളിലെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്ന് കാട്ടി സ്കൂള്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കി. കുളത്തൂപ്പുഴയിലെ ബിജിഎം സ്കൂളില ഒരു കെട്ടിടത്തിനാണ് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചത്. രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി പൂര്‍ണമായി കത്തി നശിച്ചു. 

ഇതിനോട് ചേര്‍ന്ന സ്പോര്‍ട്സ് റൂമിനും ഭാഗികമായി കേടുപാടുണ്ടായിട്ടുണ്ട്. കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും ഈ മുറിയില്‍ വൈദ്യുതിബന്ധം ഇല്ലെന്ന കാര്യം പിന്നീട് വ്യക്തമായി. ഇതോടെയാണ് ആരെങ്കിലും തീയിട്ടതാകാമെന്ന സംശയം ബലപ്പെടുന്നത്. 
ഇതിന് മുന്പ് സ്കൂളിന് നേര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നിട്ടുണ്ട്. 

ഡസ്കുകളും ബഞ്ചുകളും അടിച്ചുതകര്‍ക്കുകയും കുടിവെള്ള പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്ത സംഭവങ്ങളില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. കുളത്തുപ്പൂഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി