സാവോപോളോ: വിമാനാപകടത്തില്‍ എമിലാനോ സല മരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെ ഫുട്ബോളില്‍ ലോകത്ത് നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ഉറുബൂസ് നെസ്റ്റ് ട്രെയിനിംഗ് സെന്‍ററിലുണ്ടായ തീപിടിത്തത്തില്‍ 10 ഫുട്ബോള്‍ താരങ്ങള്‍ മരിച്ചു.

ട്രെയിനിംഗ് സെന്‍ററില്‍ ബ്രസീലിലെ വലിയ ക്ലബ്ബുകളിലൊന്നായ ഫ്ലമെംഗോയുടെ യൂത്ത് ടീം താമസിച്ചിരുന്ന ഡോര്‍മിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ബ്രസീലിയന്‍ സമയം രാവിലെ 5.10ഓടെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചപ്പോഴേക്കും 7.30 കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ ആരൊക്കെയാണ് മരണപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. 14 മുതല്‍ 17 വയസ് വരെ പ്രായമുള്ള യുവതാരങ്ങളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചതെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൊണാള്‍ഡീഞ്ഞോ, ബബറ്റോ, റൊമാരിയോ തുടങ്ങിയ വമ്പന്‍ താരങ്ങളെ വളര്‍ത്തിയെടുത്ത ക്ലബ്ബാണ് ഫ്ലമെംഗോ. ഫുട്ബോള്‍ കൂടാതെ, ബാസ്ക്കറ്റ്ബോള്‍, സ്വിമിംഗ്, വോളിബോള്‍ എന്നീ ടീമുകളും ഫ്ലമെഗോയ്ക്കുണ്ട്.