Asianet News MalayalamAsianet News Malayalam

കൊച്ചി ചെരുപ്പ് വിതരണ കേന്ദ്രത്തിലെ തീപിടിത്തം; അന്വേഷണം തുടങ്ങി, അട്ടിമറി സാധ്യതയും പരിശോധിക്കും

കൊച്ചിയിൽ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. കന്പനി ജനറൽ മാനേജറിൽ നിന്നും പോലീസ് മൊഴി എടുത്തു.  

Fire At Kochi Rubber Factory police investigation on
Author
Kerala, First Published Feb 21, 2019, 7:26 AM IST

കൊച്ചി: കൊച്ചിയിൽ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി. കന്പനി ജനറൽ മാനേജറിൽ നിന്നും പോലീസ് മൊഴി എടുത്തു.  ഫാൽക്കൺ ഏജൻസീസ് ജനറൽ മാനേജരായ ഫിലിപ്പ് ചാക്കോ നൽകിയ പരാതിയിൽ ആണ് സെൻട്രൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നു കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കമ്പനി മാനേജർമാരായ ഫിലിപ്പ് ചാക്കോ , ജോൺ എന്നിവരിൽ നിന്ന് പൊലീസ് മൊഴി എടുത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നൽകിയിരിക്കുന്ന മൊഴി. എന്നാൽ അട്ടിമറി സാധ്യതയടക്കം പരിശോധിക്കാനാണ് പൊലീസ് നീക്കം. കെഎസ്ഇബി, പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുത ,കെട്ടിട വിഭാഗങ്ങൾ, അഗ്നിശമന സേന, തുടങ്ങിയവര്‍ ഇന്ന് സംഭവസ്ഥലത്തെത്തി വിശദ പരിശോധന നടത്തും. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം വിപുലീകരിക്കുക.

ശാസ്ത്രീയ പരിശോധനയ്ക്ക് പുറമെ ആവശ്യമെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നേതൃത്വത്തിലും പ്രത്യേക അന്വേഷണം നടത്തും. തീപിടിത്തത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ സമീപത്തെ കെട്ടിടങ്ങളിൽ ഉള്ളവരോട് മാറി താമസിക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. നിർമാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗൺ പണിതത് എന്ന് നഗരസഭാ മേയർ ആരോപിച്ചിരുന്നു.ഇന്നത്തെ തെളിവെടുപ്പിലൂടെ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios