റിയാദിലെ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം എട്ടു മരണം
റിയാദിലെ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം. തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു. മരിച്ചവരെല്ലാം പ്രവാസി തൊഴിലാളികളാണ്. റിയാദ് നഗരത്തിന്റെ വടക്കു ഭാഗത്തു തുവൈഖിലുള്ള കെട്ടിടത്തിലാണ് വെള്ളിയാഴ്ച രാവിലെ തീപിടുത്തം ഉണ്ടായത്.
അഗ്നിബാധയെ തുടർന്ന് മുറിക്കുള്ളിൽ നിറഞ്ഞ ശക്തമായ പുക ശ്വസിച്ചാണ് എട്ടു തൊഴിലാളികളും മരിച്ചത്. എന്നാൽ ഇവർ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊള്ളലേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
54 തൊഴിലാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ കുടുങ്ങിയ തൊഴിലാളികളെ അഗ്നിശമന സേന വിഭാഗം എത്തിയാണ് രക്ഷപെടുത്തിയത്. സിവിൽ ഡിഫെൻസിന്റെ നേതൃത്വത്തിൽ നിരവധി അഗ്നിശമന സേന യൂണിറ്റുകൾ എത്തിയാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
