മലപ്പുറം എടരിക്കോട് തുണിക്കടക്ക് തീ പിടിച്ചു. തിരൂർ റോഡിൽ പ്രവര്‍ത്തിക്കുന്ന ഹംസാസ്  ടെക്സ്റ്റയില്‍സിനാണ് തീപിടിച്ചത്. മൂന്ന് നിലയുള്ള ടെക്സ്റ്റയില്‍സിന്‍റെ മൂന്നാംനിലയിലാണ് തീപിടിച്ചത്. 

മലപ്പുറം: എടരിക്കോട് തുണിക്കടക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തിരൂർ റോഡിലെ ഹംസാസ് ടെക്റ്റൈൽസിനാണ് തീപിടിച്ചത്. മൂന്നു നില കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. വൈകിട്ട് നാലു മണിയോടെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീ ആദ്യം കണ്ടത്‌. 

പിന്നാലെ മൂന്നുനില കെട്ടിടമാകെ കത്തി. ജീവനക്കാരും തുണി വാങ്ങാനെത്തിയവരും കെട്ടിടത്തില്‍ നിന്ന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ആറ് ഫയർഫോഴ്‌സ് യുണിറ്റുകൾ എത്തിയാണ് മൂന്നു മണിക്കൂറുകള്‍ക്കൊണ്ട് തീ പൂര്‍മണ്ണമായും അണച്ചത്. കെട്ടിടത്തിന് പുറമേ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതായി വസ്ത്ര വ്യാപാരിയുടെ പ്രാഥമിക കണക്ക്.

കോട്ടക്കലില്‍ ഫയര്‍ഫോഴ്സ് യൂണിറ്റില്ലാത്തതിനാല്‍ തിരൂർ, മലപ്പുറം, കോഴിക്കോട് മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഈ കാലതാമസം രക്ഷാ പ്രവര്‍ത്തനം വൈകിപ്പിച്ചെന്ന പരാതിയും ഉയര്‍ന്നു. ടെക്സ്റ്റയില്‍സിലെ ഏ സിയിലെ വയറിംഗിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.