റിയാദ്: ജുബൈല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ കെമിക്കല്‍ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 12 തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. തൊടുപുഴ സ്വദേശി ബെന്നി, ഡാനിയേല്‍, വിന്‍സെന്റ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ആകെ ഏഴ് പേര്‍ ഇന്ത്യക്കാരും ബാക്കി നേപ്പാള്‍ സ്വദേശികളാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്.

കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നു സബ് കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച 11.40നാണ് അപകടമുണ്ടായതെന്ന് ജുബൈല്‍ റോയല്‍ കമ്മീഷന്‍ വക്താവ് അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. ഫാക്ടറിയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനു കരാറില്‍ ഏര്‍പെട്ട ടെക്‌നിഷ്യന്മാരും മറ്റു തൊഴിലാളികളുമാണ് മരിച്ചത്. അറ്റകുറ്റ പണിയുടെ ഭാഗമായി ചില വസ്തുക്കള്‍ മാറ്റുമ്പോഴായിരുന്നു പൊടുന്നനെ അഗ്നിബാധയുണ്ടായത്.

സൗദി റോയല്‍ കമ്മീഷന്‍ ഓപ്പറേഷന്‍ മേധാവി ഡോ.മുസ് ലിഹ് അല്‍ ഉതൈബി, കമ്പനി തലവന്‍ എന്‍ജീനീയര്‍ ആദില്‍ അല്‍ ഷറൈദി, തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജുബൈല്‍ യുണൈറ്റഡ് കമ്പനി ഫോര്‍ പെട്രോള്‍ കെമിക്കല്‍ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്.