ദുബായ് മറീനയിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം. 86 നില കെട്ടിടത്തിന്‍റെ 40 നിലകള്‍ കത്തി നശിച്ചു. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ടോര്‍ച്ച് ടവറിന്റെ ഒമ്പതാം നിലയില്‍ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 86 നിലകളുള്ള കെട്ടിടത്തിന്റെ നാല്‍പത് നിലകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായതായി ദുബായി സിവില്‍ ഡിഫന്‍സ് മേധാവി അറിയിച്ചു. ടോര്‍ച്ച് ടവറിലെയും സമീപ പ്രദേശങ്ങളിലേയും താമസക്കാരെ പോലീസ് മാറ്റിപാര്‍പ്പിച്ചു. ടോര്‍ച്ച് ടവറില്‍ നിന്ന് 475പേരെ ഹോട്ടലുകളിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. സമീപത്തെ ഹോട്ടലുകളും കടകളും അടച്ചിട്ടു. സമയോചിതമായ രക്ഷാപ്രവര്‍ത്തനം വന്‍ അപകടമാണ് ഒഴിവാക്കിയത്.
അതേസമയം പാസ്‍പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ കത്തിനശിച്ചുകാണുമോയെന്ന ആശങ്കയിലാണ് താമസക്കാര്‍. ചില മുറികളില്‍ നിന്ന് ചെറിയ തീ ഗോളങ്ങള്‍ ഉയരുന്നതിനാല്‍ ആള്‍ക്കാരെ അകത്തു കയറാന്‍ അനുവദിക്കുന്നില്ല. രണ്ടു ദിവസം കഴിഞ്ഞാല്‍ മാത്രമോ നാശനഷ്ട തോത് വിലയിരുത്താന്‍ പറ്റുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. വേനലവധി ആയതിനാല്‍ ഭൂരിഭാഗം ഫ്ലാറ്റുകളിലെയും താമസക്കാര്‍ ഉണ്ടായിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റുകളിലൊന്നായ ടോര്‍ച്ച് ടവറില്‍ രണ്ടുവര്‍ഷം മുമ്പും സമാനമായ തീപിടുത്തം ഉണ്ടായിരുന്നു.
