തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുളള കെട്ടിടത്തിൽ തീപിടിത്തം . പ്രമുഖ വസ്ത്രശാലയുടെ ഗോഡൗണിനാണ് തീപിടിച്ചത് . ഫയര്‍ഫോഴ്സ് തീ അണക്കാന്‍ ശ്രമിക്കുന്നു . തീപടർന്നത് ഇസ്തിരിപ്പെട്ടിയിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് കാരണമെന്ന് സൂചന . ഗോഡൗണിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല .

4.15 ഓടെയാണ് ഗോഡൗണില്‍ തീ പടര്‍ന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. ഫയര്‍ഫോഴ്സിന്‍റെ അഞ്ച് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ തൊട്ടടുത്താണ് സംഭവം. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. വസ്ത്ര ശേഖരം കത്തിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് വന്‍പുകയാണ് പടര്‍ന്നിരിക്കുന്നത്. ഇത് തീ അണയ്ക്കുന്നതിനും രക്ഷാ പ്രവര്‍ത്തനത്തിനും തടസ്സമാകുന്നുണ്ട്.

എവിടെ നിന്നാണ് തീ പടര്‍ന്നത് എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ഓണം സ്റ്റോക്ക് എത്തിയതിനാല്‍ തീ അണയ്ക്കുന്നതും ദുഷ്കരമാക്കുന്നു. വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.