തിരുവനന്തപുരം:കിഴക്കേകോട്ടയിലെ ശ്രീപത്മനാഭ തീയേറ്ററില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ സമീപത്തെ വ്യാപാരികളാണ് തീയേറ്ററില്‍ നിന്നും പുക ഉയരുന്ന കാര്യം തീയേറ്ററുടമയെ അറിയിച്ചത്. സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്ന് പേര്‍ തീയേറ്ററിന് തീപിടിച്ചപ്പോള്‍ അകത്തുണ്ടായിരുന്നുവെങ്കിലും ഇവര്‍ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും തീയേറ്ററില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്.അഗ്നിബാധയുടെ കാരണം കണ്ടെത്താന്‍ തീയേറ്ററില്‍ ഫയര്‍ഫോഴ്സ് പരിശോധന തുടരുകയാണ്.ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തതില്‍ തീയേറ്ററിനുള്ളില്‍ സീറ്റുകള്‍ക്ക് കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാനപ്പെട്ടതും പഴയകാല തീയേറ്ററുമായ ശ്രീപത്മനാഭ അടുത്ത കാലത്താണ് നവീകരിച്ചത്. ബോളിവുഡ് ചിത്രമായ പത്മാവതിനെതിരെ രാജ്യമെങ്ങുമുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പലയിടത്തും അക്രമങ്ങള്‍ നടന്നിരുന്നു.എന്നാല്‍ തീയേറ്ററിലെ അഗ്നിബാധയ്ക്ക് കാരണം അതല്ലെന്നും പത്മാവത് ഇവിടെ റിലീസില്ലെന്നും തീയേറ്റര്‍ ഉടമ വ്യക്തമാക്കി.
