പ്രണയാഭ്യർഥന നിരസിച്ചതിന് ചെന്നൈയിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ അമ്മയും സഹോദരിയും ആശുപത്രിയിലാണ് സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയായിരുന്ന ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സ്വകാര്യ ഐടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ഇന്ദുജ. എഞ്ചിനീയറിംഗിന് ഇന്ദുജയുടെ സഹപാഠിയായിരുന്ന ആകാശ് കഴിഞ്ഞ ഒരു മാസമായി വിവാഹാഭ്യർഥനയുമായി ഇന്ദുജയെ ശല്യം ചെയ്യുകയായിരുന്നു. ഇതിൽ നിന്ന് ഇന്ദുജ ഒഴിഞ്ഞു മാറിയതിനെത്തുടർന്ന് ആകാശ് തിങ്കളാഴ്ച രാത്രി എട്ടരയോടെ വേളാച്ചേരി അഡമ്പാക്കം എജിഎസ് കോളനിയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി. ഇന്ദുജയോട് സംസാരിയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും അമ്മ രേണുക വിസമ്മതിച്ചു. വാക്കുതർക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണയെടുത്ത് കിടപ്പുമുറിയിലേക്ക് ഓടിക്കയറി ആകാശ് ഇന്ദുജയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ആകാശിനെ തടയാൻ ശ്രമിച്ച അമ്മയുടെയും സഹോദരി നിവേദയുടെയും ദേഹത്തും ആകാശ് മണ്ണെണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇന്ദുജ തൽക്ഷണം മരിച്ചു. അമ്മയെയും സഹോദരിയെയും ഗുരുതരാവസ്ഥയിൽ കിൽപാക്ക് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. തുടർന്ന് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട ആകാശിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.