Asianet News MalayalamAsianet News Malayalam

ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കും

first cabinet meeting
Author
First Published May 25, 2016, 1:29 AM IST

തിരുവനന്തപുരം: ജിഷാ വധക്കേസ് അന്വേഷണച്ചുമതല വനിതാ എഡിജിപിക്കു നൽകുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങളാകും പിണറായി വിജയൻ സർക്കാറിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ ഉണ്ടാവുക. യുഡിഎഫ് സർക്കാർ അവസാന ദിവസങ്ങളിൽ പുറത്തിറക്കിയ വിവാദ ഉത്തരവുകൾ  പുനഃപരിശോധിക്കുന്നതുപ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭ ചർച്ച ചെയ്തേക്കും.

ജിഷാ  വധക്കേസുണ്ടാക്കിയ കൊടുക്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. അന്വേഷണത്തിലുണ്ടായ വീഴ്ച അക്കമിട്ടു പറഞ്ഞാണ് എൽഡിഎഫ് പ്രചാരണവും നടത്തിയത്. പെരുമ്പാവൂരിൽ എൽഡിഎഫിന്റെ രാപ്പകൽ സമരവും നടക്കുകയാണ്. ഈ സാഹചര്യത്തിൽ  ഒരു വനിതാ എഡിജിപിക്ക് അന്വേഷണം കൈമാറി പുതിയ സംഘത്തെ രൂപീകരിക്കാനുള്ള ചർച്ചകള്‍ സജീവമാണ്. ഇക്കാര്യത്തിൽ ആദ്യമന്ത്രിസഭാ യോഗം  തീരുമാനമെടുക്കും. ഇതിന്റെ ഭാഗമായി പൊലീസ് തലപ്പത്ത് ചില മാറ്റങ്ങളും ഉണ്ടായേക്കും.

ഇന്നലെ ആലുപ്പുഴയിൽ നടന്ന പ്രസംഗത്തിലും പൊലീസിൽ  അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകള്‍ പിണറായി വിജയൻ നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടി  മന്ത്രിസഭയുടെ അവസാനനാളുകളിൽ പുറത്തിറക്കിയ വിവാദ ഉത്തരവുകൾ പുനഃപരിശോധിക്കാനും അന്വേഷണത്തിന് ഉത്തരവിടാനും സാധ്യതയുണ്ട്.
കാലവർഷം അടുത്തിരിക്കുന്നതിനാൽ സ്വീകരിക്കേണ്ട നടപടികളും, ഓരോ മന്ത്രിമാർക്കും ജില്ലകളിൽ ഉത്തരവാദിത്വം നൽകുന്നതും മന്ത്രിസഭ തീരുമാനിക്കും. ജനപ്രിയങ്ങളായ മറ്റുചില തീരുമാനങ്ങൾ കൂടി ഉണ്ടാകുമെന്നാണ് എൽഡിഎഫ് വൃത്തങ്ങൾ പറയുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണ്ണറുടെ  ചായസൽക്കാരവും കഴിഞ്ഞാണ് പിണറായി ടീമിന്റെ ആദ്യ കാബിനറ്റ് യോഗം.

Follow Us:
Download App:
  • android
  • ios