ഗോവയില്‍ നിന്നുള്ള 318 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിലുള്ളത്. രാവിലെ 7.45നുള്ള എയറിന്ത്യ വിമാനത്തില്‍ എത്തിയ സംഘത്തില്‍ 160 പുരുഷന്‍മാരും 158 സ്‌ത്രീകളും ആയിരുന്നു ഉണ്ടായിരുന്നത്. മദീനാ വിമാനത്താവളത്തില്‍ ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ് കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലം തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രതിനിധികളും തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. 1,70,000 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ ഒന്നേകാല്‍ ലക്ഷവും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. ഏറെ കാലത്തെ ആഗ്രഹമാണ് പുണ്യഭൂമിയില്‍ എത്തിയതിലൂടെ സഫലീകരിച്ചതെന്നു തീര്‍ഥാടകര്‍ പറഞ്ഞു.
ഗോവ, ദില്ലി, ലക്‌നൗ, വാരാണസി, മംഗളുരു, ഗോഹട്ടി എന്നിവിടങ്ങളില്‍ നിന്നും എട്ടു വിമാനങ്ങളിലായി രണ്ടായിരത്തി ഇരുനൂറ്റി അറുപത് തീര്‍ഥാടകരാണ് ആദ്യദിവസം ഹജ്ജിനെത്തുന്നത്. മദീനയില്‍ മസ്ജിദുന്നബവി പള്ളിക്ക് സമീപത്ത് മാര്‍ക്കസിയ ഏരിയയിലാണ് എല്ലാ തീര്‍ഥാടകര്‍ക്കും ഇത്തവണ താസമാസ സൗകര്യം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനം കഴിഞ്ഞു ഈ തീര്‍ഥാടകര്‍ മക്കയിലേക്ക് പോകും.
