ഇന്ത്യയില്‍ നിന്നും മദീനയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘം മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ മക്കയിലെത്തും. ഈജിപ്ത് സൈന്യത്തില്‍ രക്ഷസാക്ഷികള്‍ ആയവരുടെ ആയിരം കുടുംബാംഗങ്ങള്‍ സൗദി രാജാവിന്‍റെ അതിഥികളായി ഇത്തവണ ഹജ്ജ് നിര്‍വഹിക്കും. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ നിന്നും ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ച കഴിഞ്ഞ 24-ആം തിയ്യതി മദീനയില്‍ എത്തിയ തീര്‍ഥാടകരാണ് നാളെ മക്കയിലേക്ക് തിരിക്കുന്നത്. 2600 ഓളം തീര്‍ത്ഥാടകര്‍ നാളെ റോഡ്‌ മാര്‍ഗം മക്കയിലെത്തും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഇന്നലെ വരെ 31,469 തീര്‍ഥാടകര്‍ സൌദിയിലെത്തി. ഡല്‍ഹി, ലഖ്നോ, വാരാണസി, ഗ്വാഹട്ടി, ശ്രീനഗര്‍, കൊല്‍ക്കത്ത, ഗയ എന്നിവിടങ്ങളില്‍ നിന്നും 113 ഹജ്ജ് വിമാനങ്ങള്‍ ഇതുവരെ സര്‍വീസ് നടത്തി.

അതേസമയം ഈജിപ്ത് സൈന്യത്തിലും പോലീസിലും രക്തസാക്ഷികള്‍ ആയവരുടെ കുടുംബങ്ങളില്‍ ആയിരം പേര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇത്തവണ ഹജ്ജിനു അവസരം ഒരുക്കും. ഇതുസംബന്ധമായ ഉത്തരവ് കൈറോവിലെ സൗദി എംബസിക്ക് ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരും പലസ്തീന്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമെല്ലാം സൗദി രാജാവിന്‍റെ അതിഥികളായി സാധാരണ ഹജ്ജ് നിര്‍വഹിക്കാറുണ്ട്.

ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് എല്ലാ തീര്‍ഥാടകര്‍ക്കുമെന്ന പോലെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി മുഹമ്മദ്‌ സാലിഹ് ബന്തന്‍ ആവര്‍ത്തിച്ചു. നയതന്ത്ര പ്രശ്നങ്ങള്‍ ഹജ്ജ് തീര്‍ഥാടകരെ ബാധിക്കില്ല. ഖത്തറിനു അനുവദിച്ച ഹജ്ജ് ക്വാട്ടക്കനുസരിച്ച് ഓണ്‍ലൈന്‍ വഴി വിസ കരസ്ഥമാക്കി ഖത്തറിനു പുറത്തുള്ള വിമാനങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്താം.

അതേസമയം കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തില്‍ നിന്നും വിട്ടു നിന്ന ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം സൗദിയില്‍ എത്തിത്തുടങ്ങി. 84,000 ഇറാനികളാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്.