ജിദ്ദ: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. ജിദ്ദയില്‍ വിമാനമിറങ്ങിയ സംഘത്തിനു ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.
കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന ആദ്യ സംഘത്തില്‍ മുന്നൂറു തീര്‍ഥാടകര്‍ ആണ് ഉണ്ടായിരുന്നത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട സംഘം സൗദി സമയം രാവിലെ 11 മണിയോടെ ജിദ്ദയിലെത്തി. ജിദ്ദാ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും മലയാളി സംഘടനാ പ്രതിനിധികളും ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ ഹജ്ജ് സര്‍വീസ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബസുകളില്‍ മക്കയിലേക്ക് പോയി. ഹറം പള്ളിയില്‍ പോയി ഉംറ നിര്‍വഹിച്ച് ഈ തീര്‍ഥാടകര്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെ മക്കയില്‍ തുടരും. ഹജ്ജിനു ശേഷം എട്ടു ദിവസത്തെ മദീനാ സന്ദര്‍ശനം കഴിഞ്ഞു സെപ്റ്റംബര്‍ ഇരുപതിനായിരിക്കും ഈ തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുക.
നെടുമ്പാശേരിയില്‍ നിന്നും മൂന്നു വിമാനങ്ങളിലായി തൊള്ളായിരം തീര്‍ഥാടകര്‍ ഇന്ന് ജിദ്ദയിലെതും. കേരളത്തില്‍ നിന്നുള്ള 11,425 തീര്‍ഥാടകര്‍ ഉള്‍പ്പെടെ 11,828 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഇത്തവണ ഹജ്ജിന് പുറപ്പെടുന്നത്. ഇവര്‍ക്കായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുപ്പത്തിയൊമ്പത് സര്‍വീസുകള്‍ നടത്തും.
