തിരുവനന്തപുരം: ചരിത്രമെഴുതി തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രി. സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍മാറ്റ ശസ്‌ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങി. പാറശാല സ്വദേശി ധനേഷ് മോഹന്റെ കരള്‍ കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമാതുറ സ്വദേശി ബഷീറിനാണ് മാറ്റിവയ്‌ക്കുന്നത്.
ബൈക്ക് അപകടത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 21നാണ് പാറശാല സ്വദേശിയായ 18 കാരന്‍ ധനേഷ് മോഹനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സമ്മതം തേടി. ബന്ധുക്കള്‍ സമ്മതിച്ചതോടെ അവയവദാനത്തിന് കളമൊരുങ്ങി.
ജെസിബി ഓപറേറ്റര്‍ ആയി പാലക്കാട് ജോലി ചെയ്തിരുന്ന ധനേഷ് ലൈസന്‍സ് ആവശ്യത്തിനായി നാട്ടിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ തല പോസ്റ്റിലിടിക്കുകയായിരുന്നു. മകന്‍ നഷ്‌ടമാകുമെങ്കിലും മറ്റുള്ളവരിലൂടെ അവന്‍ ജീവിച്ചുകാണാനുള്ള ആഗ്രഹമാണ് ധനേഷിന്‍റെ കുടുംബത്തെ അവയവദാനത്തിന് സന്നദ്ധമാക്കിയത്.
ഇരുവരുടേയും കരളുകള്‍ ചേരുന്നതാണോ എന്ന പരിശോധകള്‍ക്കുശേഷമാണ് മൃതസഞ്ജീവനിയും മെഡിക്കല്‍ കോളജ് അധികൃതരും കരള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. സങ്കീര്‍ണതകള്‍ അനുസരിച്ച് ആറുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ശസ്‌ത്രക്രിയ നീളാം. കിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ശസ്‌ത്രക്രിയ. യുഡിഎഫ് സര്‍ക്കാര്‍ 676 മിഷനില്‍ ഉള്‍പ്പെടുത്തി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തിയറ്ററും ഐ സി യുവും പൂര്‍ണ സജ്ജമാക്കിയത്. ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം.

