കണ്ണൂര്‍: ചരിത്രം തിരുത്തി ഇന്ത്യന്‍ നാവികസേനയുടെ വിമാനം യുപി ബറേലി സ്വദേശി ശുഭാംഗി ഇനി പറത്തും. ബുധനാഴ്ച രാവിലെ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ്ങ് ഔട്ട് പരേഡ് കഴിഞ്ഞതോടെ ശുഭാംഗിയും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ആദ്യമായാണ് ഇന്ത്യന്‍ നാവികസേനയ്ക്ക് ഒരു വനിതാ പൈലറ്റുണ്ടാകുന്നത്. 

വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ആയ ഗ്യാന്‍ സ്വരൂപിന്‍റെയും അവിട നേവി സ്കൂളില്‍ അദ്ധ്യാപികയായ കല്പന സ്വരൂപിന്‍റെയും മകളാണ് ശുഭാംഗി. ഇന്ത്യന്‍ നാവികസേനയുടെ പൈലറ്റാകുന്നത് ആകാംഷ ജനിപ്പിക്കുന്ന ഒരവസരം മാത്രമല്ലെന്നും വലിയ ഉത്തരവാദിത്തമാണെന്നും ശുഭാംഗി പറഞ്ഞു. കൊച്ചി നേവല്‍ ബേസില്‍ നിന്നായിരുന്നു ശുഭാംഗിയുടെ ആദ്യ ഘട്ട പരിശീലനം.

ഇനി ഹൈദരാബാദിലെ ദിണ്ടിഗല്‍ എയര്‍ ഫോര്‍സ് അക്കാദമിയില്‍ പൈലറ്റ് പരിശീലനമാണ്. ശുഭാംഗി ആദ്യ വനിതാ പൈലറ്റാകുന്നതിനോടൊപ്പം നേവിയിലെ എന്‍എഐ ബ്രാനഞ്ചിലെ ആദ്യ വനിതാ ഓഫീസേര്‍സ് ആയി ആസ്ത ഷേഗല്‍, രൂപ എ, ശക്തിമയ എസ് എന്നിവരെയും തിരഞ്ഞെടുത്തു.