വിവരം അറിയിക്കാനായി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ ജലഅഥോറിറ്റി അധികൃതരെ വിളിച്ചെങ്കിലും നിസഹകരണമായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. 

ഹരിപ്പാട്: ജല അഥോറിറ്റിയുടെ കുടിവെളള വിതരണ ടാപ്പില്‍ വെള്ളത്തിന് പകരം വലിയ ഇനം മത്സ്യം. ആറാട്ടുപുഴ തറയില്‍ക്കടവ് കുറിയപ്പശ്ശേരില്‍ ക്ഷേത്രത്തിന് കിഴക്കുളള കാസ സുനാമി കോളനിയിലെ കുടിവെള്ള ടാപ്പിലാണ് മത്സ്യം ലഭിച്ചത്. തോടുകളില്‍ കാണുന്ന മുഷി യുടെ ഇനത്തിൽപ്പെട്ട മുശീലാഞ്ചിയെന്ന് തോന്നിക്കുന്ന മത്സ്യമാണ് കുടിവെളള വിതണപൈപ്പിലൂടെ വന്നത്. 

രണ്ടു ദിവസമായി വെളളം ചെറിയ തോതിലാണ് വന്നിരുന്നത്. തടസ്സത്തിന് കാരണം കണ്ടെത്താനായി നാട്ടുകാര്‍ അഴിച്ചു നോക്കിയപ്പോഴാണ് ടാപ്പിനുളളില്‍ കുടുങ്ങിയ നിലയില്‍ ചത്ത മത്സ്യത്തെ കണ്ടത്. വെളളത്തില്‍ പൊട്ടിക്കിടന്ന വിതരണ പൈപ്പിലൂടെ കയറി ടാപ്പില്‍ എത്തിയതാകാമെന്ന് കരുതുന്നു. വിവരം അറിയിക്കാനായി പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെടെയുളള നാട്ടുകാര്‍ ജലഅഥോറിറ്റി അധികൃതരെ വിളിച്ചെങ്കിലും നിസഹകരണമായിരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.