മുംബൈ: കേരളതീരത്ത് നിന്ന് പോയ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗില്‍ അഭയം തേടിയ ബോട്ടുകള്‍ കേരളത്തിലേക്ക് മടങ്ങി തുടങ്ങി.

68 ബോട്ടുകളിലായി 952 മത്സ്യത്തൊഴിലാളികളാണ് സിന്ധുദുര്‍ഗ്ഗിലെത്തിയത്. ഇതില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 66 ബോട്ടുകളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളുമാണുള്ളത്. ഓഖി ചുഴലിക്കാറ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനായി പോയ ഈ ബോട്ടുകള്‍ ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മഹാരാഷ്ട്രതീരത്ത് അടുപ്പിക്കുകയായിരുന്നു.

കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നുമുള്ള ബോട്ടുകളാണ് ഇവയെങ്കിലും ഇതിലുള്ള തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴരാണെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ സിന്ധുദുര്‍ഗ്ഗില്‍ നിന്നും പുറപ്പെട്ട ബോട്ടുകള്‍ കാലാവസ്ഥ അനുകൂലമാണെങ്കില്‍ രണ്ട് ദിവസം കൊണ്ട് കേരളതീരത്തെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മഹരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് 952 തൊഴിലാളികള്‍ സിന്ധുദുര്‍ഗ്ഗില്‍ സുരക്ഷിതരാണെന്ന വിവരം ശനിയാഴ്ച്ച ട്വിറ്ററിലൂടെ പുറത്തു വിട്ടത്. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 

Scroll to load tweet…