തിരുവനന്തപുരം: ഉറ്റവരുടെ കാത്തിരിപ്പിന് വിരാമം, മല്‍സ്യബന്ധനത്തിനിടെ പുറം കടലില്‍ മരിച്ച കൊച്ചതുറ അടുമ്പു തെക്കെക്കര വീട്ടില്‍ രാജുമോന്‍റെ (38) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് രാജുമോന്റെ മൃതദേഹം മഹാരാഷ്ട്രയില്‍ നിന്ന് ആംബുലന്‍സില്‍ റോഡ് മാര്‍ഗം കൊച്ചുതുറയിലെ വസതിയില്‍ എത്തിച്ചത്. 

മൃതദേഹത്തില്‍ എം. വിന്‍സെന്റ് എംഎല്‍എ, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി. ഹെസ്റ്റിന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയില്‍ നിന്നും വിലാപയാത്രയായി കൊച്ചുതുറ സെന്റ് ആന്റണീസ് പള്ളിയിലെത്തിച്ച മൃതദേഹം പിന്നീട് പ്രത്യേക ശുശ്രൂഷകള്‍ക്കു ശേഷം പള്ളിയുടെ തന്നെ സെമിത്തേരിയില്‍ ഒന്‍പതരയോടെ സംസ്‌ക്കരിച്ചു.

ഗുജറാത്തിലെ പുറംകടലില്‍ ശനിയാഴ്ച്ച രാവിലെയാണു രാജുവിന്റെ മരണം. അവിടെ നിന്നും ഐസില്‍ പൊതിഞ്ഞു നാട്ടിലെത്തിക്കാനാണ് ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചത്. ഇത്തരത്തില്‍ എത്തിക്കുമ്പോള്‍ ഒരാഴ്ചയോളം വേണ്ടിവരുമെന്നും മൃതദേഹം ഇതിനിടെ അഴുകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും തുടക്കത്തില്‍ അനുകൂല നടപടിയുണ്ടായില്ല. 

പിന്നീട് തിങ്കളാഴ്ച്ച രാവിലെ മുതല്‍ മത്സ്യതൊഴിലാളികള്‍ 10 മണിക്കൂര്‍ തിരക്കേറിയ വിഴിഞ്ഞം – പൂവാര്‍ റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്നാണു മൃതദേഹം റോഡു മാര്‍ഗം നാട്ടിലെത്തിക്കാന്‍ ധാരണയായത്. കോസ്റ്റുഗാര്‍ഡിന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ തുറമുഖത്ത് എത്തിക്കുകയും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുകയുമായിരുന്നു.