Asianet News MalayalamAsianet News Malayalam

കേന്ദ്ര വിജ്ഞാപനം; മത്സ്യത്തൊഴിലാളികളും ആശങ്കയില്‍

Fisher mens fear
Author
First Published Jun 10, 2017, 7:50 AM IST

അലങ്കാര മത്സ്യങ്ങളെ പിടിക്കുന്നതിനും വളർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ മത്സ്യത്തൊഴിലാളികളും അലങ്കാര മത്സ്യവിൽപ്പനക്കാരും. അലങ്കാര മത്സ്യങ്ങളെ പിടിച്ച് വിൽക്കുന്ന നിരവധി പേരുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്നാണ് ആശങ്ക

അക്വേറിയങ്ങളും അലങ്കാര മത്സ്യ വിപണനശാലകളും മുഴുവൻ സമയ വെറ്ററിനറി ഡോക്ടറെയോ മത്സ്യങ്ങളെക്കുറിച്ചറിയുന്ന വിദഗ്ധനെയോ നിയമിക്കണമെന്നാണ് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നത്. അയാൾക്ക് സഹായിയെയും നിയമിക്കണം. രണ്ടാം ഷെഡ്യൂളിൽ പെടുത്തിയ മത്സ്യങ്ങൾ വിൽക്കാൻ പാടില്ലെന്ന നിബന്ധന മൂലം ഏറെ വിറ്റഴിക്കപ്പെടുന്ന എയ്ഞ്ചൽ മത്സ്യം, ബട്ടർഫ്ലൈ മത്സ്യം തുടങ്ങിയവയെ പോലും വിൽക്കാനാകാത്ത അവസ്ഥ വരുമെന്നാണ് അലങ്കാര മത്സ്യ വിൽപ്പനക്കാർ പറയുന്നത്.

സ്ഫടികഭരണികളിൽ ഒറ്റ മത്സ്യത്തെ വിൽക്കുന്ന രീതി വ്യാപകമാണ്. ഇത് നിരോധിച്ചു.  മത്സ്യപ്രദർശനങ്ങൾ നടത്താനാകില്ല. അക്വേറിയങ്ങളിൽ മത്സ്യങ്ങൾക്കൊപ്പം മറ്റ് വളർത്തുമൃഗങ്ങളെയോ പക്ഷികളെയോ പരിപാലിക്കരുതെന്നും വിൽക്കരുതെന്നും നിർദ്ദേശമുണ്ട്. ചുരുക്കത്തിൽ ഇത് അക്വേറിയം നടത്തിപ്പും അലങ്കാര മത്സ്യവിൽപ്പനയും സ്തംഭിപ്പിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി. പവിഴപ്പുറ്റുകളിൽ നിന്ന് അലങ്കാര മത്സ്യങ്ങളെ കൂടുകളുപയോഗിച്ച് പിടിക്കുന്നതും നിരോധിച്ചു. കടൽ, കായൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ അലങ്കാര മത്സ്യങ്ങൾ പിടിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ആശങ്ക.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് പരാതി നൽകി.
 

Follow Us:
Download App:
  • android
  • ios