കീരിക്കാട് സ്വദേശികളായ ദിവാകരന്‍, ബിന്ദുകുമാര്‍ തുടങ്ങിയവരെ വധിക്കാന്‍ ശ്രമിച്ചതിന് കനകക്കുന്ന് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ശിക്ഷ.

ആലപ്പുഴ: വധശ്രമ കേസിലെ പ്രതികളായ അഞ്ച് പേരെ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവിനും 75000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ആറാട്ടുപുഴ കീരിക്കാട് രാജേഷ് ഭവനത്തില്‍ രാജേഷ് (കൊച്ചുവാവ), കണ്ടല്ലൂര്‍ തെക്ക് വട്ടത്തറയില്‍ കൊച്ചുമോന്‍ (നിധിന്‍ രാജ് ), കണ്ടല്ലൂര്‍ രാജേഷ് ഭവനത്തില്‍ രാജേഷ്, കണ്ടല്ലൂര്‍ വേട്ടുതറയില്‍ അജിത്ത് കുമാര്‍, കണ്ടല്ലൂര്‍ താഴ്ചയില്‍ വീട്ടില്‍ പ്രദീഷ് എന്നിവരെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ ശിക്ഷിച്ചത്. 

കീരിക്കാട് സ്വദേശികളായ ദിവാകരന്‍, ബിന്ദുകുമാര്‍ തുടങ്ങിയവരെ വധിക്കാന്‍ ശ്രമിച്ചതിന് കനകക്കുന്ന് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ശിക്ഷ. 2009 ഫിബ്രവരി 20 ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്. ആക്രമണത്തിന് ഇരയായവര്‍ ഭിന്നശേഷിക്കാരായി മാറി. പരിക്കേറ്റ ബിന്ദു കുമാറിന് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു. ഏഴു പ്രതികള്‍ ഉണ്ടായിരുന്ന കേസാണിത്. ഇതില്‍ രണ്ടുപേര്‍ വിചാരണയ്ക്കിടെ മരിച്ചു. കണ്ടല്ലൂര്‍ സ്വദേശി സുമേഷും, രഞ്ജിത്തുമാണ് മരിച്ചത്.