തൃശൂര്‍: ബിജെപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഇരിങ്ങാലക്കുട അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊടകര വാസുപുരത്ത് അഭിലാഷ് വധക്കേസിലാണ് ജീവപര്യന്തം തടവ്.

കഴിഞ്ഞ വര്‍ഷം തിരുവോണം നാളിലാണ് കൊടകര വാസുപുരത്ത് വച്ച് ബിജെപി പ്രവര്‍ത്തകനായ അഭിലാഷ് കൊല്ലപ്പെടുന്നത്. കേസില്ർ ഒന്നുമുതല്‍ നാലുവരെ പ്രതികളായ ഷിന്‍റോ, ജിത്തു, ഡെന്നിസ്, ശിവദാസ്, ഏഴാം പ്രതി രാജന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ആകെ പതിനെട്ടു പ്രതികളുണ്ടായിരുന്ന കേസിലെ 13 പേരെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു.

വാസുപുരത്ത് ബിജെപി യൂനിറ്റ് ആരംഭിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവോണ നാളില്‍ ഉച്ചതിരിഞ്ഞ് നാലുമണിയ്ക്കായിരുന്നു കൊലപാതകം. ഏഴാം പ്രതി രാജന്‍ അഭിലാഷിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവരികയും കാത്തുനിന്ന മറ്റ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തി എന്നുമായിരുന്നു കേസ്.