ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം, പുതിയ 500 രൂപ നോട്ട് ജനങ്ങളുടെ കയ്യിലെത്തി. തലസ്ഥാനത്ത് വിതരണം തുടങ്ങിയ പുതിയ നോട്ട്, നാളെ മുതൽ സംസ്ഥാനത്തെ വിവിധ ബാങ്ക് എടിഎമ്മുകളിലും ലഭിക്കും. ആദ്യ രണ്ട് ദിവസം എടിഎമ്മുകളിലൂടെ മാത്രം 500 രൂപ വിതരണം ചെയ്യാൻ റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. ചില്ലറയ്ക്കുള്ള ക്ഷാമം ഒരു പരിധി വരെ ഇതോടെ കുറയുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. എന്നാൽ പുന:ക്രമീകരിച്ച എടിഎമ്മുകളിൽ 2000, 500 രൂപ നോട്ടുകളാണ് ഏറെയും ലഭിക്കുന്നത്. തിരുത്തൽ നടപടികൾ തുടരുമ്പോഴും, ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും ചില്ലറ ക്ഷാമം തുടരുകയാണ്. പണം കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിക്കും കാര്യമായ മാറ്റമില്ല.

അതിനിടെ, നോട്ട് ക്ഷാമം കണക്കിലെടുത്ത്, ഒരു കോടി രൂപ വരെയുള്ള വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിനുള്ള സമയ പരിധി റിസർവ് ബാങ്ക് നീട്ടിനൽകി. 90 ദിവസത്തെ സമയപരിധി, 150 ദിവസമാക്കി ഉയർത്തി.

അതിനിടെ കൊല്ലത്ത് ബാങ്കിൽ പഴയ നോട്ട് മാറ്റി വാങ്ങാനെത്തിയ അറുപത്തിയെട്ടുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കുണ്ടറ സ്വദേശി ചന്ദ്രശേഖരൻ ആണ് മരിച്ചത്. നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, കോൺഗ്രസ് രാജ്ഭവനിലേക്ക് മാർച്ച് നടത്തി.