ന്യൂഡല്‍ഹി: അതിർത്തിയിൽ പാക്കിസ്ഥാന് ഇന്ത്യയുടെ വന്‍ തിരിച്ചടി. പാകിസ്ഥാന്റെ അഞ്ച് സൈനികർ ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു . രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. തുടര്‍ന്ന് ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യയുടെ ഹൈക്കമമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രജൗരിയിലും പൂഞ്ചിലും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. രജൗരിയിലെ നൗഷേരയിലും പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിലുമാണ് പാകിസ്ഥാൻ വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്.

ജമ്മുകശ്മീരിലെ സോപോറിൽ ഇന്നു രാവിലെ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. രാഷ്ട്രീയ റൈഫിൾസും പൊലീസും നടത്തിയ സൈനിക നടപടിയിൽ എ കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.