തോറ്റാല്‍ അര്‍ജന്‍റീന ലോകകപ്പില്‍ നിന്ന് പുറത്താകും
സെന്റ് പീറ്റേഴ്സ്ബര്ഗ്: ലോകകപ്പിലെ നിര്ണായക പോരാട്ടത്തിന് ഒരുങ്ങുമ്പോള് അര്ജന്റീനിയന് ക്യാമ്പിലാകെ ആശങ്കകളും ആകുലതകളുമാണ്. വിജയം നേടുകയും ഭാഗ്യം കനിഞ്ഞുമില്ലെങ്കില് 2002ന് ശേഷം ആദ്യ റൗണ്ടില് തന്നെ മുന് ലോക ചാമ്പ്യന്മാര്ക്ക് നാട്ടിലേക്ക് മടക്ക ടിക്കറ്റ് എടുക്കേണ്ടി വരും. ഒരുപാട് പാളിച്ചകള് സംഭവിക്കുന്ന അര്ജന്റീനയുടെ ഫോര്മേഷനില് അഞ്ചു താരങ്ങളുടെ ഇന്നത്തെ പ്രകടനമാണ് നിര്ണായകമാകാന് പോകുന്നത്.
നിക്കോളാസ് ഓട്ടമെന്ഡി
മെസിപ്പടയ്ക്ക് പ്രതിരോധ നിരയില് ഏറ്റവും വിശ്വസിക്കാന് സാധിക്കുന്ന താരമാണ് നിക്കോളാസ് ഓട്ടമെന്ഡി. ക്രൊയേഷ്യക്കെതിരെ മങ്ങിയെങ്കിലും ഈ മാഞ്ചസ്റ്റര് സിറ്റി താരം ഇന്ന് മികവ് പ്രകടിപ്പിക്കേണ്ടത് ടീമിന്റെ ആവശ്യമാണ്. ആദ്യ മത്സരത്തില് ഐസ്ലാന്റിനെതിരെ അവസാന നിമിഷങ്ങളില് ആക്രമണങ്ങളെ പ്രതിരോധിച്ച് നിന്നതും ഓട്ടമെന്ഡിയാണ്.

എവര് ബനേഗ
തോല്വിയേറ്റ് വാങ്ങിയ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിന് ശേഷം സാംപോളി ഏറ്റവുമധികം വിമര്ശനം ഏറ്റുവാങ്ങിയത് മിഡ്ഫീല്ഡില് എവര് ബനേഗയെ പുറത്തിരുത്തിയതിനാണ്. മധ്യനിരയില് മികച്ച നീക്കങ്ങള് മെനഞ്ഞെടുക്കാന് പ്രതിഭയുള്ള താരമാണ് സെവിയ്യയുടെ ബനേഗ. സെന്റ് പീറ്റേഴ്സ്ബെര്ഗില് ബനേഗ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
പൗളോ ഡിബാല
ടീമിന് തിരിച്ചടികള് സമ്മാനിച്ച കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സാംപോളി ആദ്യ ഇലവനില് പരിഗണിക്കാതിരുന്ന താരമാണ് പൗളോ ഡിബാല. ക്രൊയേഷ്യക്കെതിരെ പകരക്കാരനായി ഇറക്കിയെങ്കിലും യുവന്റസ് താരത്തിന് കാര്യമായി ഒന്നും ചെയ്യാന് സാധിച്ചില്ല. പക്ഷേ, ഇന്ന് അര്ജന്റീനിയന് ടീമില് മെസി കഴിഞ്ഞാല് ഏറ്റവും പ്രതിഭയുള്ള താരമാണ് ഡിബാല. പക്ഷേ, ഇന്നത്തെ പോരില് ഡിബാല കളത്തിലിറങ്ങിയാല് മെസിക്ക് മെെതാനത്ത് അല്പം സ്വസ്ഥമായി കളിക്കാന് സാധിക്കും.

ഏയ്ഞ്ചല് ഡി മരിയ
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും നെെജീരിയയെ നേരിട്ടപ്പോള് അര്ജന്റീനയുടെ വജ്രായുധമായിരുന്നു ഏയ്ഞ്ചല് ഡി മരിയ എന്ന മധ്യനിരയിലെ കരുത്തന്. മരിയയുടെ വേഗവും കനത്ത ഷോട്ടുകളും ആഫ്രിക്കന് പടയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഐസ്ലാന്റിനെതിരെ നിറം മങ്ങിയതോടെ ക്രൊയേഷ്യക്കെതിരെ മരിയയെ സാംപോളി പുറത്തിരുത്തിയിരുന്നു. നിര്ണായക മത്സരത്തില് പിഎസ്ജി താരം ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.
ലിയോണല് മെസി
ലിയോണല് മെസി എന്ന ഒറ്റ താരത്തിനെ ചുറ്റിപ്പറ്റിയാണ് പ്രീക്വാര്ട്ടര് പ്രവേശനം അര്ജന്റീന സ്വപ്നം കാണുന്നത്. തന്റെ പ്രതിഭയ്ക്ക് അനുസരിച്ചുള്ള പ്രകടനം റഷ്യന് ലോകകപ്പില് ഇതുവരെ പുറത്തെടുക്കാന് സാധിക്കാത്ത മെസിക്ക് ഇന്ന് മാജിക്ക് കാണിക്കാന് സാധിക്കുമെന്ന് ലോകമെങ്ങുമുള്ള ആരാധകര് വിശ്വസിക്കുന്നു. തന്റെ സ്ഥിരം ലെവലിലേക്ക് മെസി ഉയര്ന്നാല് നെെജീരിയക്ക് പിന്നെ പ്രതീക്ഷകള് മടക്കിവെയ്ക്കാം.
