ദില്ലി: കളിച്ചുകൊണ്ടിരിക്കെ വീടിനടുത്തുള്ള പറമ്പിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. ബീഹാര്‍ സ്വദേശിയായ ഒരു തൊഴിലാളിയുടെ മകനാണ് മരിച്ചത്. 

ദ്വാരകയിലെ ഉത്തം നഗറിലാണ് സംഭവം നടന്നത്. ബീഹാര്‍ സ്വദേശിയായ തൊഴിലാളിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വീടിന് സമീപത്തുള്ള പറമ്പില്‍ കളിക്കാന്‍ പോയ കുഞ്ഞ് അബദ്ധത്തില്‍ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. കുഞ്ഞ് ടാങ്കില്‍ വീണുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസ്ഥലത്ത് നിയമവിരുദ്ധമായാണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത് മൂടാതിരുന്നത് കടുത്ത ഉത്തരവാദിത്തമില്ലായ്മയാണ്, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.