തിരുവനന്തപുരം: മലപ്പുറത്ത് ഹിജാബ് ധരിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്‌കെയിലും ഫ്ലാഷ് മോബ്. ടാഗോര്‍ തീയേറ്ററില്‍ വെച്ചാണ് ഫ്ലാഷ് മോബ് നടത്തിയത്. എസ്എഫ്‌ഐ ആണ് പ്രതിഷേധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. 

കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം ആളുകള്‍ രംഗത്ത് വന്നിരുന്നു. ശിരോവസ്ത്രം ധരിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ച സംഭവത്തെ ചൊല്ലിയായിരുന്നു സോഷ്യല്‍മീഡിയയില്‍ വിവാദം കനത്തത്. സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും വരെ ഇക്കൂട്ടര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനാണ് മലപ്പുറത്ത് 'എന്റമ്മെടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് മൂന്ന് പെണ്‍കുട്ടികള്‍ ചുവടുവച്ചത്.