പാലക്കാട്: സി.പി.ഐയുടെ വിമര്‍ശനത്തിന് മറുപടിയുമായി പി.കെ ശശി എം.എല്‍.എയെ തമ്പുരാനാക്കി അവതരിപ്പിച്ച് മണ്ണാര്‍ക്കാട്, ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങളിൽ ഫ്ലക്സ് ബോര്‍ഡുകള്‍. ഡി.വൈ.എഫ്.ഐയുടെയും സി.ഐ.ടി.യുവിന്‍റെയും പേരിൽ വച്ച ബോര്‍ഡുകള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായതോടെ എടുത്തു മാറ്റി. എന്നാൽ തന്‍റെ അറിവോടെയല്ല ബോര്‍ഡുകള്‍ വച്ചതെന്ന് പി.കെ ശശി എം.എല്‍.എ പ്രതികരിച്ചു.
സി.പി.എം -സി.പി.ഐ തര്‍ക്കത്തെ തുടര്‍ന്നാണ് പി.കെ ശശി എം.എല്‍.എയ്ക്ക് തമ്പ്രാന്‍ മനോഭാവമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് വിമര്‍ശിച്ചത്. ഇതിനു മറുപടിയായാണ് ഇതു ഞങ്ങളുടെ തമ്പ്രാന്‍ എന്ന ഫ്ലക്സസ് ബോര്‍ഡുകള്‍. മണ്ണാര്‍ക്കാട് ,ഒറ്റപ്പാലം മണ്ഡലങ്ങളിൽ പലയിടത്തും ഈ ബോര്‍ഡുകള്‍ വച്ചു. പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചും ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചു. സമൂഹമാധ്യങ്ങളിൽ വിമര്‍ശനം ഉയര്‍ന്നതോടെ എല്ലാ ബോര്‍ഡുകളും എടുത്തു മാറ്റി. ശ്രദ്ധയിൽപ്പെട്ടയുടനെ ബോര്‍ഡുകള്‍ മാറ്റാൻ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പി.കെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബോര്‍ഡുകള്‍ ശ്രദ്ധയിൽ പ്പെട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. കണ്ണൂരിൽ പി ജയരാജനെ പ്രകീര്‍ത്തിക്കുന്ന വീഡിയോ ആൽബം ഇറക്കിയതിനെ വിമര്‍ശിച്ച സി.പി.എം സംസ്ഥാന സമിതി വ്യക്തി പൂജയെ പാര്‍ട്ടിയിൽ പ്രോല്‍സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു . ഈ മാസം 29 മുതലാണ് സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം നടക്കുക.
