കൊച്ചി: 'ഇവരെ അമ്മയെന്ന് വിളിക്കാനാകില്ല.. സ്ത്രീത്വത്തിന് ആകെ അപമാനമാണിവര്‍..' ചോറ്റാനിക്കരയിലെ നാലര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മയ്ക്ക് ഇരട്ട ജീവപരന്ത്യം തടവ്ശിക്ഷ വിധിച്ച്കൊണ്ട് എറണാകുളം പോക്സോ കോടതി നടത്തിയ നിരീക്ഷണമാണിത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന വിഭാഗത്തിലേയ്ക്ക് പരിഗണിക്കാവുന്ന പ്രവര്‍ത്തികളാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബയോളജിക്കല്‍ മദര്‍ അടക്കമുള്ള പ്രതികള്‍ ചെയ്തതെന്നും കോടതി വിലയിരുത്തി.
കൊലപാതകം പെട്ടന്നുണ്ടായ പ്രോകപനത്തെ തുടര്‍ന്ന് ഉണ്ടായതല്ലെന്നും കൃത്യമായ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ അമ്മയുടെ ലക്ഷ്യം എന്തായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ല. എന്നാല്‍ ലക്ഷ്യം എന്തിനായിരുന്നാലും അവര്‍ ചെയ്തത് അങ്ങേയറ്റത്തെ പാതകമാണെന്ന് കോടതി വ്യക്തമാക്കി. അവിഹിത ബന്ധം തുടരുന്നതിന് കുട്ടി തടസമായിരുന്നെങ്കില്‍ കുട്ടിയെ ഉപേക്ഷിക്കാമായിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയെ അമ്മ അവരുടെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ച കാര്യം ചൂണ്ടിക്കാണിച്ച് കോടതി പറഞ്ഞു.
ഒന്നാം പ്രതി രഞ്ജിത്ത് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് സംശയാതാതമായി തെളിഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ 25 മുറിവുകള്‍ കണ്ടെത്തിയത് കുട്ടി സ്ഥിരമായി പീഡനത്തിന് ഇരയായിയെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 37 സാക്ഷികളുടെ മൊഴികളും 50 രേഖകളും പരിശോധിച്ചാണ് കോടതി വിധിന്യായത്തിലെത്തിയത്.
