145 യാത്രക്കാരുമായി ലാന്‍റ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ജസീറ എയര്‍വേസിന്‍റെ വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

ഹൈദരാബാദ്: ഹൈദരാബാദില്‍ 145 യാത്രക്കാരുമായി ലാന്‍റ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ ജസീറ എയര്‍വേസിന്‍റെ വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുവൈറ്റില്‍ നിന്നു യാത്ര തിരിച്ച ജെ9608 വിമാനത്തിന്‍റെ എന്‍ജിനുകളിലൊന്നിലാണു തീപിടിച്ചത്. റണ്‍വേയിലേക്ക് വിമാനം ഇറങ്ങിയതിനു പിന്നാലെയായിരുന്നു അപകടം. ഗ്രൗണ്ട് സ്റ്റാഫിലെയും എയര്‍ ട്രാഫിക് കണ്‍ട്രോളിലെയും ചിലരാണ് ചെറിയ തീപ്പൊരി ആദ്യം ശ്രദ്ധിച്ചത്. ഉടന്‍ പൈലറ്റിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് എന്‍ജിനുകളും നിര്‍ത്തിയത് വലിയ അപകടം ഒഴുവാക്കി. തുടര്‍ന്ന് അഗ്‌നിശമന വിഭാഗം എത്തി തീയണച്ചു. പിന്നീട്, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

എന്‍ജിനില്‍ തീ സ്ഥിരീകരിച്ച വിമാനത്താവളം അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ജസീറ എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടില്ല.