Asianet News MalayalamAsianet News Malayalam

ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ; പ്രശ്നപരിഹാരം വൈകിയത് പ്രളയം കാരണം

ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് തന്നെയാണ് അമ്മയുടെ നിലപാട്. എല്ലാ ആരോപണവും മോഹൻലാലിന്റെ തലയിൽ കെട്ടിവക്കരുത്. എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്. ഡബ്ല്യുസിസി ഉന്നയിച്ച പരാതി പരിഗണിച്ച് വരവെയാണ് പ്രളയം വന്നത്. 

flood delays action in wcc complaints
Author
Thiruvananthapuram, First Published Oct 15, 2018, 10:08 AM IST

തിരുവനന്തപുരം: ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്ന് തന്നെയാണ് അമ്മയുടെ നിലപാട്. എല്ലാ ആരോപണവും മോഹൻലാലിന്റെ തലയിൽ കെട്ടിവക്കരുത്. എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്. ഡബ്ല്യുസിസി ഉന്നയിച്ച പരാതി പരിഗണിച്ച് വരവെയാണ് പ്രളയം വന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് പ്രശ്നപരിഹാരം കണ്ടെത്താമെന്നാണ് കരുതുന്നതെന്നും താരസംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പ് പറയുന്നു. 

ദിലീപ് കുറ്റക്കാരനെന്നോ അല്ലെന്നോ അമ്മ നിലപാട് എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്നാണ് അമ്മയുടെ നിലപാട്. കോടതി വിധിക്കും വരെ ആരോപണവിധേയൻ നിരപരാധിയാണ് . ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണ് . മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണങ്ങൾ കെട്ടിവയ്ക്കരുത്. എല്ലാ തീരുമാനവും എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. 

അധികം വൈകാതെ പ്രത്യേക ജനറൽ ബോഡി വിളിച്ചുകൂട്ടാമെന്ന് കരുതുന്നു. ചട്ടങ്ങൾക്കപ്പുറം ധാർമികതയിലൂന്നി തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ . പ്രശ്നപരിഹാരത്തിനുള്ള സർക്കാർ ഇടപെടലുകൾക്ക് പിന്തുണ നല്‍കുമെന്നും പത്രക്കുറിപ്പ് വിശദമാക്കുന്നത്.


പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം 

13.10.2018 ന് WCC യിലെ അംഗങ്ങൾ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തിൽ അമ്മയ്ക്കെതിരെ നടത്തിയ  പരാമർശങ്ങൾക്ക് മറുപടിയായിട്ടാണ്  ഈ  പത്രക്കുറിപ്പ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ  നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം കേസുകളിൽ കുറ്റവാളി എന്ന്  കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്; കുറ്റാരോപിതൻ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിൻറെ പിൻബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാർമ്മികതയുടെ അടിത്തറയുമാണ് ഉള്ളത്. 
                         
ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിററി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറൽ ബോഡിക്ക് വിടാൻ തുടർന്നു കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിററി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറൽ ബോഡി എടുത്തത് . ഈ  വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ അവിടെ നടന്നിട്ടില്ല എന്നു സമ്മതിക്കുമ്പോൾത്തന്നെ, കോടതി വിധി വരുന്നതിനു മുൻപ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുൻതൂക്കം. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ  രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി അമ്മ ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി  മുന്നോട്ട് പോകാൻ  എക്സിക്യൂട്ടീവ് കമ്മിറ്റിയും, ചർച്ചയിൽ പങ്കെടുത്ത രേവതിയും പാർവതിയും പത്മപ്രിയയും തമ്മിൽ ധാരണയായി. അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി റദ്ദാക്കിയത് വിദഗ്ദ്ധ നിയമോപദേശത്തിന് വിടാൻ ഇരുകൂട്ടരും തീരുമാനിച്ചു. 

അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറൽ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം  എന്നതായിരുന്നു. എന്നാൽ രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ  തീരുമാനമെടുക്കാം എന്നതായിരുന്നു. ശ്രീ തിലകൻ്റെ കാര്യവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ശ്രീ തിലകൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറൽ ബോഡി ശരി വയ്ക്കുകയായിരുന്നു. ദിലീപിൻ്റെ വിഷയത്തിൽ ജനറൽ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറൽ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ടു വച്ചത്. 

അമ്മയിൽ നിന്നും രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ തനിക്ക്  സന്തോഷമേയുള്ളുവെന്ന് പ്രസിഡൻറ്  ശ്രീ മോഹൻലാൽ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയങ്ങളിലും സ്നേഹത്തിൻറെയും സമന്വയത്തിൻറെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാർവതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നൽകിയതുമാണ് .കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എക്സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങൾ ശ്രീ മോഹൻലാലിൻറെ മാത്രം തലയിൽ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. 
                            
രേവതിയും പാർവതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങൾക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതിൽ  വച്ചു ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. ശ്രീമതി കവിയൂർ പൊന്നമ്മ ഉൾപ്പടെയുള്ള അമ്മയുടെ പല അംഗങ്ങൾക്കും ഈ പ്രളയത്തിൻ്റെ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്നു. അവർക്കു വേണ്ടിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് അമ്മ കൂടുതൽ പ്രാധാന്യം നൽകി.
                                       
പ്രളയക്കെടുതികളിൽ നിന്നും കര കയറ്റി കേരളത്തെ പുനർനിർമ്മിയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ ശ്രമങ്ങളിൽ അമ്മയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യ രണ്ടു ഗടുക്കളായി 50 ലക്ഷം രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കഴിഞ്ഞു .തുടർന്ന് ഡിസംബറിൽ ഗൾഫിൽ ഒരു ഷോ നടത്തി നല്ലൊരു തുക സമാഹരിച്ചു നൽകാൻ അമ്മ ഉദ്ദേശിക്കുന്നുണ്ട്. ആ ഷോയുടെ തയ്യാറെടുപ്പിലാണ് ഞങ്ങൾ. എന്നാലും അധികം വൈകാതെ തന്നെ ഒരു വിശേഷാൽ ജനറൽ ബോഡി യോഗം  വിളിച്ചു കൂട്ടാമെന്ന് അമ്മ കരുതുന്നു. ഈ വിഷയത്തിൽ  സാംസ്കാരിക കേരളത്തിൻ്റെ ഉത്കണ്ഠ കണക്കിലെടുത്തു കൊണ്ട് ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം, ധാർമ്മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നു.
                           
പ്രശ്നത്തിൽ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് ബഹു.സാംസ്ക്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ.ബാലൻ നടത്തിയ പ്രസ്തവന അമ്മ സ്വാഗതം ചെയ്യുന്നു. പ്രശ്ന പരിഹാരത്തിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് അമ്മ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. .
      
അമ്മയ്ക്കു വേണ്ടി
            
ഔദ്യോഗിക വക്താവ്
                                                           
ജഗദീഷ്

Follow Us:
Download App:
  • android
  • ios