ഇന്ത്യ ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അസ്സം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഗ്പോ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതായി ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദില്ലി: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ടതിന്‍റെ ആഘാതത്തില്‍നിന്ന് കേരളം മുക്തമാകുന്നതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി. നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ്, അസ്സം എന്നീ സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ അസ്സമിലെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. 

ഇന്ത്യ ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അസ്സം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഗ്പോ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതായി ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി പേരെ എയര്‍ലിഫ്റ്റിംഗ് വഴി വീടുകളില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആള്‍ ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പ്രകാരം അസ്സമിലെ ഗൊലഘട്ട്, ധെമാജിജില്ലകളില്‍ മാത്രം ഏകദേശം 15000ത്തോളം ആളുകളെ പ്രളയം ബാധിക്കും. 600 ഏക്കറോളം കൃഷി ഭൂമി നശിച്ചു. 1488 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി. 

നാഗാലാന്‍റിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലും പ്രളയവും കാരണം 12 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടമായത്. പ്രളയം നേരിടുന്ന അസ്സമിന് അയല്‍ സംസ്ഥാനമായ മേഘാലയ അതീവ ജാഗ്രത് ആയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ദുരന്തനിവാരണ സംഘം പ്രളയം നേരിടാന്‍ സജ്ജരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.