ഉത്തരേന്ത്യയെ പിടിച്ച് കുലുക്കിയ വെള്ളപ്പൊക്കത്തില്‍ മരണം 740 ആയി. ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യ ഉയര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി തുടരുന്ന പ്രളയം ബീഹാറിലെ ഒരു കോടി 71 ലക്ഷം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും 514 പേരുടെ ജീവനെടുക്കുകയും ചെയ്തു.

ദുരന്ത നിവാരണ മേഘലകളില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും 32 പേരാണ് ബീഹാറില്‍ തിങ്കളാഴ്ച്ച മാത്രം മരിച്ചത്. എന്നാല്‍ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിതാമസിപ്പിച്ച എട്ടരലക്ഷം ജനങ്ങളില്‍ ഒരു ലക്ഷം ആള്‍ക്കാര്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങി. 

ഉത്തര്‍ പ്രദേശില്‍ 102 പേര്‍ മരണപ്പെടുകയും അസമില്‍ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ പ്രളയം ബാധിക്കുകയും ചെയ്തു . മഴ കുറഞ്ഞതിനാല്‍ ഉത്തര്‍ പ്രദേശിലെയും അസമിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒഡീഷയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.