ജിദ്ദ: ഹജജ് നിർവഹിക്കാൻ എത്തുന്ന ഇന്ത്യൻ തീര്‍ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഒരു ലക്ഷത്തിനടുത്ത് ഹാജിമാര്‍ ഇതിനകം സൗദിയിലെത്തി. ഹൃദ്യമായ സ്വീകരണമാണ് മക്കയില്‍ മലയാളി ഹാജിമാര്‍ക്ക് ലഭിക്കുന്നത്.

കേരളത്തില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 5400 ഓളം പേര്‍ ഇതുവരെ സൌദിയിലെത്തി. പതിനെട്ടു വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വീസ് നടത്തി. ജിദ്ദാ വിമാനത്താവളത്തിലിറങ്ങുന്ന തീര്‍ഥാടകര്‍ നേരെ മക്കയിലെ താമസ സ്ഥലത്തേക്കാണ്‌ പോകുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഊഷ്മളമായ സ്വീകരണമാണ് മലയാളീ തീര്‍ഥാടകര്‍ മക്കയില്‍ എത്തുമ്പോള്‍ ലഭിക്കുന്നത്. മലയാളീ സന്നദ്ധ സംഘടനകളുടെ സജീവമായ സാന്നിധ്യമാണ് ഇതിനു കാരണം.

 ഹജ്ജ് സര്‍വീസ് ഏജന്‍സി സംസം വെള്ളവും, കാരക്കയും മറ്റും നല്‍കി തീര്‍ഥാടകരെ സ്വീകരിക്കുമ്പോള്‍ മലയാളീ സംഘടനകള്‍ കഞ്ഞിയും, ജ്യൂസും മറ്റും നല്‍കി തീര്‍ഥാടകരെ വരവേല്‍ക്കുന്നു. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. 

ഹജ്ജ് കമ്മിറ്റി വഴി തൊണ്ണൂറ്റി എണ്ണായിരത്തോളം തീര്‍ഥാടകര്‍ ഇതുവരെ സൌദിയിലെത്തി. ഇവരെല്ലാം മക്കയിലാണ് ഉള്ളത്. മക്കയിലായിരുന്ന സ്വകാര്യ ഗ്രൂപ്പുകളുടെ മദീന സന്ദര്‍ശനം ആരംഭിച്ചു. ഹജ്ജിനു മുമ്പായി ഇവര്‍ മക്കയില്‍ തിരിച്ചെത്തും.